മേപ്പാടി: കരാറുകാർ അലംഭാവം കാണിച്ചതിനെത്തുടർന്ന് മേപ്പാടി-ചൂരൽമല റോഡ് നവീകരണ പ്രവൃത്തി ഒച്ചിഴയുന്ന വേഗത്തിലെന്ന് ആക്ഷേപം.
റോഡ് പലേടത്തും പൊളിച്ചിട്ടിരിക്കുന്ന അവസ്ഥയിൽ പൊടിശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് ജനങ്ങൾ. വീണ്ടും സമരരംഗത്തേക്കെന്ന് കടക്കുമെന്ന് ജനകീയ സമര സമിതി ഭാരവാഹികളും ജനപ്രതിനിധികളും മുന്നറിയിപ്പ് നൽകി.ചൂരൽമല റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയിട്ട് എട്ട് വർഷത്തിലേറെയായി. പല കാരണങ്ങളാൽ പ്രവൃത്തി വൈകുകയായിരുന്നു.
ഒടുവിൽ ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റി ഏറ്റെടുത്തതോടെ റോഡ് പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായി.
ടൗണ്ഷിപ്പിന്റേതടക്കം ജില്ലയിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾക്കായി റോഡ് പണിയിലുള്ള ജോലിക്കാരെ മാറ്റിയതാണ് പ്രവൃത്തി മന്ദഗതിയിലാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശത്ത് താമസിക്കുന്ന നിരവധി ആസ്ത്മ രോഗികളടക്കമുള്ള ജനങ്ങൾ പൊടിശല്യം കൊണ്ട് പ്രയാസം അനുഭവിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡ് പ്രവൃത്തി വൈകുന്നതിനെതിരേ മുന്പും നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. ഇനിയും വേണ്ടിവന്നാൽ സമര രംഗത്തിറങ്ങാൻ മടിക്കില്ലെന്നാണ് ജനകീയ സമരസമിതി ഭാരവാഹികൾ പറയുന്നത്.